
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള ഒരു പാരഡി ഗാനം കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഈ പാരഡി ഗാനവുമായി ബന്ധപ്പെട്ട് സിപിഎം അപകടകരമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ആരോപിച്ചു. പാട്ടെഴുതിയവരുടെയും അണിയറപ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് സിപിഎം ഈ വിഷയത്തെ ‘മതനിന്ദ’ എന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതെന്നും ബല്‍റാം വിമര്‍ശിച്ചു.
മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ സിപിഎം ഇതിനെയും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് എന്നും ബല്‍റാം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ കേരള സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാരഡി ഗാനത്തിനെതിരെ പരാതികളുമായി മറ്റ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായൊരു ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കല്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപുറമെ, സിപിഎം നേതാക്കളും അണികളും ഈ പാരഡി ഗാനത്തെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും കണ്ടാണ് കോണ്‍ഗ്രസിന്റെ നേതാവിന്റെ വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പോറ്റിയേ…’ പാരഡിപ്പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തില്‍ കൈവിട്ട കളിയാണ് കളിക്കുന്നത്.
ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണ്.