സിപിഎം നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം: വിജയം അസാധുവാക്കണമെന്ന് വനിത ലീഗ്

Jaihind News Bureau
Wednesday, December 17, 2025

മലപ്പുറം തെന്നലയിൽ വിജയിച്ച വാർഡ് മെമ്പറും, സിപിഎം മുൻ ഏരിയസെക്രട്ടറിയുമായ നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ലീഗ്. പാർട്ടി നേതാവിൻ്റെ സ്ത്രീ വിരുദ്ധത പരാമർശങ്ങൾ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വനിത ലീഗ് നേതാക്കൾ മലപ്പുറത്ത് ആവശ്യപ്പെട്ടു.

തെന്നല പഞ്ചായത്തിലെ സിപിഎം ഏരിയ സെക്രട്ടറി അലി മജീദിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി വനിത ലീഗ് നേതാക്കൾ രംഗത്തെത്തി. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് സിപിഎം നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വനിത ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങുന്ന സ്ത്രീകളെ ‘പ്രദർശന വസ്തുവാക്കി വോട്ട് പിടിക്കാനുള്ള തന്ത്രം’ എന്നതടക്കം ഗുരുതര സ്ത്രീ വിരുദ്ധത പ്രസംഗമാണ് പാർട്ടിനേതാവ് നടത്തിയതെന്നും, ഇയാളുടെ തെര വിജയം അസാധുവാക്കണമെന്നും ഇക്കാര്യത്തിൽ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വനിത ലീഗ് ജില്ലാ പ്രസിഡണ്ട് ജൽസീമിയ ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. പരാതി നൽകിയിട്ടും പൊലീസ് ഇയാൾക്കകെതിരെ യാതൊരു നടപടിയുമെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും വനിത ലീഗ്നേതാക്കൾ പറഞ്ഞു. അതിനിടെ, സ്ത്രീ അധിക്ഷേപ പരാമർശത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി. മജീദിനെതിരെ മറ്റ് നടപടികളിലേക്ക് തിരൂരങ്ങാടി പൊലീസ് കടന്നിട്ടില്ല.