
ന്യൂ ഡല്‍ഹി: എം.ജി.എന്‍.ആര്.ഇ.ജി.എ യെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്താനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം രാഷ്ട്രീയ അസഹിഷ്ണുതയുടെ പ്രകടനമാണെന്നും ഇതിന് ഭരണപരമായ യാതൊരു ന്യായവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫണ്ടിംഗ് സംവിധാനത്തിലെ മാറ്റങ്ങള്‍, അപര്യാപ്തമായ ബജറ്റ് വകയിരുത്തല്‍, ഫണ്ട് റിലീസുകളിലെ സ്ഥിരം കാലതാമസം എന്നിവ മൂലം സംസ്ഥാനങ്ങളും ഗ്രാമീണ തൊഴിലാളികളും കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. വേതന പേയ്മെന്റുകളിലെ വൈകിക്കലും കര്‍ശനമായ ഡിജിറ്റല്‍ നിയന്ത്രണങ്ങളും യഥാര്‍ത്ഥ തൊഴിലാളികളെ പദ്ധതിയില്‍ നിന്ന് പുറത്താക്കുന്നതിന് ഇടയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എംജിഎന്‍ആര്‍ഇജിഎയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ പിന്തിരിപ്പന് നടപടികളും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. ന്യായവും സുതാര്യവുമായ കേന്ദ്രസംസ്ഥാന ഫണ്ടിംഗ് സംവിധാനം പുനഃസ്ഥാപിച്ച് സമയബന്ധിതമായി ഫണ്ടും വേതനവും ഉറപ്പാക്കണമെന്നും, സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ പങ്ക് കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.