ഗാന്ധിജിയുടെ പേര് ഒഴിവാക്കി തൊഴിലുറപ്പ് പദ്ധതി ബില്‍ ലോക്സഭയില്‍; പ്രതിപക്ഷം പ്രതിഷേധത്തില്‍, ‘അട്ടിമറി’യെന്ന് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Tuesday, December 16, 2025

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എ.) പേര് മാറ്റി പുതിയ നിയമം കൊണ്ടുവരാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലാണ് കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബില്‍ അവതരിപ്പിച്ചത്്. ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ എന്ന തലക്കെട്ടോടെയാണ് ബില്‍ അവതരിപ്പിച്ചത്.

ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ‘ഗാന്ധി തന്റെ കുടുംബത്തിന്റെതല്ല, ഗാന്ധി രാജ്യത്തിന്റേതാണ്’ എന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയെ ചരിത്രത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഭേദഗതി ബില്ലെന്നും, പുതിയ നിയമം സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി വിമര്‍ശിച്ചു. പേര് മാറ്റം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും, പേര് മാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.

ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ ലോക്സഭയ്ക്ക് പുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തി ജാഥ നടത്തുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് പറഞ്ഞ ചൗഹാന്‍, രാമരാജ്യമാണ് ഗാന്ധി വിഭാവനം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.

എം.പിമാര്‍ക്ക് വിതരണം ചെയ്ത കരടുരേഖ പ്രകാരം പുതിയ ബില്‍ നിലവിലെ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100-ല്‍ നിന്ന് കുറഞ്ഞത് 125 ദിവസമാകും. കൂടാതെ, വേതനം പൂര്‍ണ്ണമായി കേന്ദ്രം നല്‍കിയിരുന്ന നിലവിലെ നിയമത്തില്‍ നിന്ന് മാറി, പുതിയ നിയമം കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.