
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്താതെ ഇടതുമുന്നണി യോഗം പിരിഞ്ഞു. പരാജയം സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നതിനിടയിലാണ് നിര്‍ണായക യോഗം നടന്നത്. പരാജയം ആദ്യം അതത് പാര്‍ട്ടികള്‍ വിലയിരുത്തിയ ശേഷം കൂട്ടായ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പരാജയകാരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാതെ യോഗം പിരിയാന്‍ കാരണം.
കനത്ത തോല്‍വിക്ക് ശേഷവും തോല്‍വി ഉള്‍ക്കൊള്ളാനോ ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് വ്യക്തമാക്കാനോ സി.പി.എം. തയ്യാറായിട്ടില്ല. പരാജയ കാരണം ബോധപൂര്‍വം മറച്ചുവെച്ച് പതിവ് തത്ത്വശാസ്ത്രങ്ങള്‍ നിരത്തി ന്യായീകരണങ്ങള്‍ കണ്ടെത്താനാണ് സി.പി.എം. നേതൃത്വം ശ്രമിക്കുന്നത്.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കടത്തും ഭരണവിരുദ്ധ വികാരവും വലിയ തിരിച്ചടിയായതായി സി.പി.ഐ. സംസ്ഥാന നേതൃയോഗം വിലയിരുത്തിയിരുന്നു. ജനം സര്‍ക്കാരില്‍ നിന്ന് ഏറെ അകന്നെന്നും ന്യൂനപക്ഷ സമുദായം ഇടതുമുന്നണിയെ തമസ്കരിച്ചെന്നും സി.പി.ഐ. യോഗം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ ശൈലിക്കെതിരെയും സി.പി.ഐയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ പെരുമാറുന്നുവെന്ന് സി.പി.ഐ. യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണവിരുദ്ധ വികാരത്തെയും സ്വര്ണ്ണക്കൊള്ളയേയും പാടെ മറക്കുന്ന നിലപാടാണ് സി.പി.എം. കൈക്കൊണ്ടിരിക്കുന്നത്.
കനത്ത തിരഞ്ഞെടുപ്പ് പരാജയം ഇടതുമുന്നണിയെയും സി.പി.എമ്മിനെയും വലിയ പ്രതിരോധത്തിലാണ് എത്തിച്ചിരിക്കുന്നത്. തോറ്റിട്ടും തോല്‍വി ഉള്‍ക്കൊള്ളാതെ സി.പി.എമ്മും, ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് വ്യക്തത വരുത്താതെ ഇടതുമുന്നണിയും ഉരുണ്ടുകളി തുടരുകയാണ്.