ഐഎഫ്എഫ്‌കെയില്‍ പ്രദാര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കും: നിര്‍ദേശം നല്‍കി മന്ത്രി സജി ചെറിയാന്‍

Jaihind News Bureau
Tuesday, December 16, 2025

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മന്ത്രി സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും, മേളയുടെ പാരമ്പര്യത്തെയും സ്വഭാവത്തേയും തകര്‍ക്കുന്ന ഈ നിലപാടിനെ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ നിലപാട് ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രാനുമതി നിഷേധിച്ച ഈ 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിച്ചതിനാല്‍ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ പാക്കേജിലെ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടെ പത്തൊമ്പതോളം സിനിമകള്‍ക്കാണ് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ‘റിവര്‍‌സ്റ്റോണ്‍’, ‘ബാറ്റില്‍ഷിപ് പൊട്ടംകിന്‍’, ‘വണ്‍സപ്പോണ്‍ എ ടൈം ഇന്‍ ഗാസ’, ‘പലസ്തീന്‍ 36’, ‘യെസ്, റ്റിംബക്റ്റൂ’, സ്പാനിഷ് ചിത്രമായ ‘ബീഫ്’ തുടങ്ങിയ സിനിമകള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കേണ്ട എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത്.

ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുടങ്ങിയവര്‍ കേന്ദ്ര നീക്കത്തെ വിമര്‍ശിച്ചു. രാജ്യം അപകടകരമായ അവസ്ഥയിലേക്കു പോകുന്നു എന്നതിന്റെ തെളിവാണ് ഈ നടപടിയെന്നും ഒരു കൂട്ടം ഭ്രാന്തന്മാരാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും എം.എ. ബേബി പ്രതികരിച്ചു. അതേസമയം, കൊല്‍ക്കത്തയില്‍ സമാനമായ അവസ്ഥയുണ്ടായപ്പോള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ കാണിച്ച ധൈര്യം പിണറായി വിജയനും കാട്ടണമെന്ന് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ആവശ്യപ്പെട്ടു.