
തെന്നലയില്‍ സിപിഎം നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ലീഗ്. സിപിഎം നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വനിത ലീഗ് നേതാക്കള്‍ മലപ്പുറത്ത് ആവശ്യപ്പെട്ടു.
തെന്നല പഞ്ചായത്തിലെ സിപിഎം ഏരിയ സെക്രട്ടറി അലി മജീദിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വനിത ലീഗ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വനിത ലീഗ് നേതാക്കള്‍ ആരോപിച്ചു. വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങുന്ന സ്ത്രീകളെ ‘പ്രദര്‍ശന വസ്തുവാക്കി വോട്ട് പിടിക്കാനുള്ള തന്ത്രം’ എന്ന രീതിയിലുള്ള പ്രസംഗം ഗുരുതരമായ സ്ത്രീ വിരുദ്ധതയാണെന്നും, ഇത് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വനിത ലീഗ് ആവശ്യപ്പെട്ടു.
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കെ, ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് നടപടിയോ പാര്‍ട്ടി നടപടിയോ ഉണ്ടായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും വനിത ലീഗ് ജില്ലാ പ്രസിഡന്റ് ജല്‍സീമിയ, ജനറല്‍ സെക്രട്ടറി സക്കീന പുല്‍പ്പാടന്‍ എന്നിവര്‍ പറഞ്ഞു. അതിനിടെ, സ്ത്രീ അധിക്ഷേപ പരാമര്‍ശത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.വി. മജീദിനെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.