നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇ.ഡിയ്ക്ക് തിരിച്ചടി; കേസെടുക്കാന്‍ വിസമ്മതിച്ച് കോടതി

Jaihind News Bureau
Tuesday, December 16, 2025

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. എന്നാല്‍, കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സിക്ക് കോടതി അനുമതി നല്‍കി.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, അന്തരിച്ച നേതാക്കളായ മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, കൂടാതെ സാം പിത്രോഡ, സുമന്‍ ദുബെ, സുനില്‍ ഭണ്ഡാരി, യംഗ് ഇന്ത്യന്‍ കമ്പനി, ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തിരുന്നത്.

കേസിനെക്കുറിച്ചുള്ള ഇ.ഡിയുടെ ആരോപണങ്ങള്‍:

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എ.ജെ.എല്‍) ഏകദേശം 2,000 കോടി രൂപയുടെ ആസ്തികള്‍, 90 കോടി രൂപയുടെ വായ്പയുടെ പേരില്‍ യംഗ് ഇന്ത്യന്‍ കമ്പനി തട്ടിയെടുത്തു എന്നാണ് ഇ.ഡിയുടെ ആരോപണം. യംഗ് ഇന്ത്യന്‍ കമ്പനിയില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 76 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നും ഗൂഢാലോചനയിലൂടെയാണ് സ്വത്തുക്കള്‍ കൈക്കലാക്കിയതെന്നും ഇ.ഡി ആരോപിക്കുന്നു.

എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന് കോടതി

അതിനിടെ, നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മറ്റ് പ്രതികള്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് കോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്പെഷ്യല്‍ ജഡ്ജി (പി.സി ആക്റ്റ്) വിശാല്‍ ഗോഗ്നി റദ്ദാക്കി. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം പ്രതികളെ അറിയിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒക്ടോബര്‍ 3-നാണ് ഇ.ഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഗാന്ധി കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തത്. എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ പോലീസ് അപ്പീല്‍ നല്‍കിയിരുന്നു. പ്രതികള്‍ ആവശ്യപ്പെടാതെ തന്നെ പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും പോലീസ് കോടതിയില്‍ വാദിച്ചിരുന്നു.