
കോഴിക്കോട്ട് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാസാക്കിയ രണ്ട് രാഷ്ട്രീയ പ്രമേയങ്ങളിൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും വർഗീയ വിഭജന രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താണെന്ന് വ്യക്തമാക്കി. ശബരിമല ശ്രീകോവിലിൽ നിന്നുപോലും സ്വർണം മോഷ്ടിക്കപ്പെട്ട സംഭവവും, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോകുമ്പോഴും അഴിമതിക്കും ധൂർത്തിനും കുറവില്ലാത്ത സർക്കാർ നിലപാടും വോട്ടർമാർ തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ കനത്ത ഭരണവിരുദ്ധ വികാരമുയരുകയും, ഇത് എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പോലും വിള്ളലുണ്ടാക്കുകയും ചെയ്തുവെന്ന് ഒന്നാമത്തെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.
വർഗീയ ശക്തികളെ താലോലിച്ച്, വിദ്വേഷ പ്രസംഗകരെ തോളിലേറ്റി തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന എൽഡിഎഫിന്റെ വ്യാമോഹത്തിനാണ് മതേതര കേരളം മറുപടി നൽകിയത്. വർഗീയ ശക്തികളെ തരാതരം പോലെ ഉപയോഗിക്കുന്ന സിപിഎമ്മിന്റെ ശൈലി ഗുണം ചെയ്തത് ബിജെപിക്ക് മാത്രമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സമരസപ്പെടുന്ന സിപിഎം നിലപാട് കേരളത്തിലെ മതനിരപേക്ഷ സമൂഹം തള്ളിക്കളഞ്ഞു. നാലരക്കൊല്ലം നാട് ഭരിച്ചിട്ടും ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം നടത്തുന്ന പൊടിക്കൈ രാഷ്ട്രീയത്തിനും ജനവിധിയിൽ തിരിച്ചടി കിട്ടി. മലപ്പുറത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്കും സിപിഎമ്മിനും മലപ്പുറത്തെ ജനങ്ങൾ കനത്ത തിരിച്ചടി നൽകിയെന്നും പ്രമേയം എടുത്തുപറയുന്നു.
തദ്ദേശ സ്ഥാപനങ്ങളോട് എൽഡിഎഫ് സർക്കാർ ചെയ്ത ദ്രോഹങ്ങൾ യുഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചു. ഡീലിമിറ്റേഷൻ നടപടികളിലെ അശാസ്ത്രീയതയും, മുന്നറിയിപ്പില്ലാതെ യുഡിഎഫ് വോട്ടർമാരെ വെട്ടി ഒഴിവാക്കാനുള്ള സിപിഎമ്മിന്റെ കൗശലവും ഫലിച്ചില്ലെങ്കിലും, ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകളെ മുസ്ലിം ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. നുണപ്രചാരണങ്ങൾ നടത്തി മലപ്പുറത്ത് ലീഗിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ പൊടിപോലും കാണാനില്ലെന്നും പ്രമേയം പരിഹസിക്കുന്നു. മലബാറിൽ മാത്രമല്ല, ഇരട്ടിയിലധികം സീറ്റുകൾ നേടി തെക്കൻ ജില്ലകളിലും മുസ്ലിം ലീഗ് കരുത്ത് തെളിയിച്ചു. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായാണ് യുഡിഎഫ് വൻ വിജയം നേടിയതെന്നും, 83 നിയോജക മണ്ഡലങ്ങളിലെ സമഗ്രാധിപത്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും എന്നതിന്റെ സൂചനയാണെന്നും പ്രമേയം വിലയിരുത്തി. യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ച മുസ്ലിം ലീഗ്, സ്ഥാനാർഥികളെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.