
സിപിഎം -വെൽഫെയർ പാർട്ടി കൂട്ടുകെട്ടിന്റെ തെളിവ് പുറത്ത്. പട്ടാമ്പിയിൽ സിപിഎം സ്ഥാനാർഥിക്ക് പൂജ്യം വോട്ട്. മണ്ണാർക്കാട് കിട്ടിയത് ഒരേയൊരു വോട്ട്. സിപിഎമ്മും–വെൽഫെയർ പാർട്ടിയും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവായി വിലയിരുത്തപ്പെടുന്ന ഫലങ്ങളാണ് പട്ടാമ്പിയിലും മണ്ണാർക്കാടും പുറത്തുവന്നിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ നഗരസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പട്ടാമ്പി നഗരസഭ ഡിവിഷൻ 12-ൽ, മോതിരം ചിഹ്നത്തിൽ മത്സരിച്ച സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി അബ്ദുൽ കരീമിന് പൂജ്യം വോട്ട്. സിപിഎം പ്രവർത്തകർ പോലും വോട്ട് ചെയ്യാതിരുന്നത് വോട്ട് മറിച്ചു എന്നത് വ്യക്തമാക്കുന്നു. വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സാജിദ് കെ.പിക്ക് സിപിഎം വോട്ടുകൾ മറിച്ചുവെന്നാണ് തെളിത്തിരിക്കുന്നത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ടി.പി. ഉസ്മാൻ ഇവിടെ വിജയിച്ചു. വോട്ടെടുപ്പ് ദിനത്തിൽ ലീഗ്–വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായതും സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നു. മാത്രമല്ല കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു. സമാനമായ വോട്ട് ചോർച്ച മണ്ണാർക്കാട് നഗരസഭയിലും ഉണ്ടായി. ഒന്നാം വാർഡ് കുന്തിപ്പുഴയിൽ എൽ.ഡി.എഫ്. പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി ഫിറോസ് ഖാൻ നേടിയത് ഒരു വോട്ട് മാത്രം. ഇവിടെ സിപിഎമ്മിന്‍റേതുൾപ്പടെ 179 വോട്ടുകൾ നേടി വെൽഫെയർ പാർട്ടി പിന്തുണച്ച സ്ഥാനാർഥി സിദ്ദീഖ് കുന്തിപ്പുഴ സാന്നിധ്യം അറിയിച്ചു. വാർഡിൽ എൽ.ഡി.എഫ് – വെൽഫെയർ പാർട്ടി ധാരണയുണ്ടായിരുന്നു എന്ന് സിപിഎം പ്രവർത്തകർ തന്നെ വിമർശിക്കുന്നു.
വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പറഞ്ഞുകൊണ്ടിരിക്കുകയാണ് സിപിഎം. എന്നാൽ, പാലക്കാട് ജില്ലയിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. എല്‍ഡിഎഫ് സ്ഥാനാർഥികളെ ബലിയാടാക്കി സിപിഎം തന്നെ വെൽഫെയർ പാർട്ടിക്ക് വോട്ട് മറിച്ചുവെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. തിരഞ്ഞെടുത്ത വാർഡുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ സിപിഎമ്മും വെൽഫെയർ പാർട്ടിയും തമ്മിൽ രഹസ്യ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയെന്നതിന്റെ തെളിവുകളായി പട്ടാമ്പിയിലെയും മണ്ണാർക്കാട്ടേയും പൂജ്യം വോട്ടും ഒരേയൊരു വോട്ടും രാഷ്ട്രീയ കേരളം വിലയിരുത്തുന്നു.