പരാജയത്തിലും പാഠം ഉള്‍ക്കൊള്ളാതെ സി.പി.എം: ഭരണവിരുദ്ധ വികാരമില്ലെന്ന് എം.വി. ഗോവിന്ദന്‍; ശബരിമല തിരിച്ചടിയായില്ലെന്ന് വിലയിരുത്തല്‍

Jaihind News Bureau
Monday, December 15, 2025

കനത്ത പരാജയത്തിലും പാഠം ഉള്‍ക്കൊള്ളാതെ സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള തിരിച്ചടിയായില്ലെന്നും വിലയിരുത്തി സിപിഎം. കനത്ത പരാജയത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ച് ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കുവാനുള്ള തന്ത്രങ്ങളാണ് നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തുവാനാണ് സിപിഎം -സിപിഐ നേതൃയോഗങ്ങള്‍ ചേര്‍ന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വര്‍ഷത്തെ ഭരണനേട്ടവും വോട്ടര്‍മാരില്‍ വിലപ്പോയിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലോടെയാണ് യോഗം ചേര്‍ന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയിരുന്നു. പി എം ശ്രീ അടക്കമുള്ള നിലപാടുകളും മുന്നണിയിലെ ഐക്യമില്ലായ്മയും സംഘടന ദൗര്‍ബല്യങ്ങളും തിരിച്ചടിയായതായി സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ ഘടകങ്ങള്‍ പ്രഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഇതിനിടയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ചുള്ള വിലയിരുതലാണുണ്ടായത്. കനത്ത പരാജയത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വച്ച് ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കുവാനുള്ള തന്ത്രങ്ങളാണ് നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.

കനത്ത പരാജയത്തിലും പാഠം ഉള്‍ക്കൊള്ളാതെ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള തിരിച്ചടിയായില്ലെന്നും സ്ഥാപിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള തിരിച്ചടിയായെന്നും ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അകന്നു എന്നുമുള്ള വിലയിരുത്തലാണ് സിപിഐ നേതൃ യോഗത്തില്‍ ഉയരുന്നത്.