
ചലച്ചിത്ര സംവിധായകന് പി ടി കുഞ്ഞ് മുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്. ഇത് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്കി. മൊഴിയില്‍ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ലൈംഗികാതിക്രമ കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പരിഗണിക്കുന്നതിനിടയിലാണ്
പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊലീസ് റിപ്പോര്‍ട്ട് പിടി കുഞ്ഞുമുഹമ്മദിന് തിരിച്ചടിയായി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് ഇടതുസഹയാത്രികനായ മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സിനിമ പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പോലിസിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുാന്‍ 13 ദിവസം വൈകിയത് വലിയ വിവാദമുയര്‍ത്തിയിരുന്നു.
പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരെ സഹായിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നിലപാടാണ് ഇത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. തുടക്കം മുതല്‍ ഇടത് സഹയാത്രികനായ സംവിധായകനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന നിലപാട് കോടതിയില്‍ സ്വീകരിക്കുവാന്‍ പൊലീസ് നിര്‍ബന്ധിതമായത്.