
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ മന്ത്രിമാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രിമാരുടെ പങ്ക് സ്വര്‍ണക്കൊള്ളയില്‍ വ്യക്തമാണ്. മുന്‍ മന്ത്രിമാരെ രാഷ്ട്രീയമായി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണം. തൊണ്ടിമുതല്‍ എന്തുകൊണ്ട് കണ്ടെത്തുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്താത്തതാണ് സംശയാസ്പദം. നിഗൂഢമായ വന്‍ തട്ടിപ്പാണ് നടന്നതെന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് മാഫിയ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യമായ സ്വത്തുകള്‍ കടത്തുക എന്ന ലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നു. അക്രമ നടപടി സിപിഎം അവസാനിപ്പിക്കണം. പോലീസ് അക്രമം നിയന്ത്രിക്കുവാന്‍ തയ്യാറാകുന്നില്ല. സിപിഎം തീ കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ വൈകല്യവും യുഡിഎഫിന് അനുകൂലമായി. ജനങ്ങള്‍ ഈ സര്‍ക്കാരിനെ മടുത്തു. ഈ സര്‍ക്കാരില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് യുഡിഎഫ് എത്തും. കേരളത്തിലെ മുഖ്യമന്ത്രിയാണ് തിരുവനന്തപുരത്ത് ബിജെപിക്ക് വിജയം നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.