പാഠമാക്കേണ്ട ജനവിധി; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം

Jaihind News Bureau
Sunday, December 14, 2025

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ഫലം ‘പാഠമാക്കേണ്ട ജനവിധി’യാണെന്ന് സമസ്ത മുഖപത്രം. ഒരു മാസക്കാലത്തെ തീവ്രപ്രചാരണത്തിന് ശേഷം വന്ന ഈ ജനവിധി, എല്ലാ മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ വികാരം സമര്‍ഥമായി ഏകോപിപ്പിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെന്നും, ഇത് ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമാണെന്നും ലേഖനം വിലയിരുത്തി.

ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍വന്നതിനുശേഷം മൂന്നു പതിറ്റാണ്ടിനിടെ യു.ഡി.എഫ്. നേടിയ മികച്ച വിജയങ്ങളില്‍ ഒന്നാണ് 2025-ലേത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ എല്‍.ഡി.എഫിനെ, വിലക്കയറ്റം, നികുതി വര്‍ധന തുടങ്ങിയ സജീവ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രതിരോധത്തിലാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ജയിച്ചേ മതിയാകൂ എന്ന ചിന്തയും മാറ്റം വേണമെന്ന പൊതുമനസ്സും ഒത്തുവന്നപ്പോള്‍ പല ഇടതുകോട്ടകളും യു.ഡി.എഫ്. കീഴടക്കി.

മുമ്പ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മാത്രം ഒതുങ്ങിയ യു.ഡി.എഫ്. ഇക്കുറി കൊല്ലം, കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ പിടിച്ചെടുത്തു. എന്നാല്‍, 2020-ല്‍ 34 ഡിവിഷനുകളില്‍ വിജയിച്ച് രണ്ടാം സ്ഥാനത്തെത്തിയ എന്‍.ഡി.എ, ഇക്കുറി തിരുവനന്തപുരം നഗരഭരണം എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തത് മറ്റൊരു അപായസൂചനയായി കാണണം. വര്‍ഗീയ ആശയങ്ങളുമായി കേരളത്തിന്റെ പൊതുമനസ്സിനെ അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വീകാര്യത കൂടിവരുന്നത് വിലകുറച്ച് കാണരുതെന്നും മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു.

സങ്കുചിത പ്രചാരണ തന്ത്രങ്ങള്‍ക്കായി ഇടതു ജനാധിപത്യ മുന്നണി കൂടുതല്‍ സമയവും ഊര്‍ജവും ചെലവഴിച്ചതിനെ ലേഖനം നിശിതമായി വിമര്‍ശിച്ചു. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തെ എം.എല്‍.എയുടെ ലൈംഗിക പീഡനക്കേസ് അടക്കം പ്രചരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍. പൊതുധാരയിലിടമില്ലാത്ത ചില ചെറു സംഘടനകളെ ചാരി ന്യൂനപക്ഷ വിഭാഗത്തെ മുഴുവനായി സംശയനിഴലില്‍ നിര്‍ത്താനുള്ള പാഴ്ശ്രമം കേരളം പൊറുക്കില്ലെന്ന് ഇനിയെങ്കിലും സി.പി.എം. തിരിച്ചറിയേണ്ടതുണ്ട്.

അത്തരം വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളുടെ ഗുണഭോക്താക്കള്‍ നിശ്ചയമായും ബി.ജെ.പിയായിരിക്കുമെന്നും, വര്‍ഗീയ ആശയക്കാര്‍ക്ക് ആനുകൂല്യം നേടിക്കൊടുക്കുന്ന ഈ സമീപനം ആരില്‍ നിന്നായാലും ആപത്താണെന്നും മുഖപത്രം താക്കീത് നല്‍കി. ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഭരണകൂടത്തിന്റെ ഔദ്യാര്യമല്ല, അവകാശമാണ്. ‘തങ്ങള്‍ നല്‍കുന്ന ഔദാര്യമാണ് പെന്‍ഷനും മറ്റ് സേവനങ്ങളും എന്ന് ധരിച്ചുവച്ച ചിലരെങ്കിലും പൊതുമണ്ഡലത്തിലുണ്ട്. അത്തരക്കാരുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ ജനവിധി,’ മുഖപത്രം ചൂണ്ടിക്കാട്ടി.

തെറ്റുകള്‍ തിരുത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും മതേതര നിലപാടിനനുസൃതമായ നടപടികളുമായി മുന്നോട്ടുപോകാനുള്ള പാഠമായി ഈ ഫലം ഭരണകൂടത്തിന് മാറട്ടെ എന്നും, യു.ഡി.എഫിന് കരുത്താര്‍ജിക്കാന്‍ സാധിക്കട്ടെ എന്നും മുഖപത്രം ആശംസിച്ചു.