
കൊല്ലം: കൊല്ലം കോര്പ്പറേഷന് രൂപീകൃതമായ ശേഷം നിലനിന്നിരുന്ന ഇടതുഭരണത്തിന് തടയിട്ടുകൊണ്ട് ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ്. പ്രതിനിധികള്‍ക്ക് ഡി.സി.സി.യില്‍ സ്വീകരണം ഒരുക്കി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു ദുര്‍ഭരണത്തെ തൂത്തെറിഞ്ഞാണ് യു.ഡി.എഫ് ഇത്തവണ കോര്‍പ്പറേഷനില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയതെന്ന് നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ്. തേരോട്ടം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പിലെ സുപ്രധാന വിജയമാണിത്. കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉള്‍പ്പെടെ മികവുറ്റ വിജയം നേടിയ പ്രതിനിധികള്‍ക്ക് ഡി.സി.സി. ആദരവ് അര്‍പ്പിച്ചു. വിജയം ആഘോഷിക്കുന്നതിനും പ്രതിനിധികള്‍ക്ക് സ്വീകരണം നല്കുന്നതിനുമായി ഡി.സി.സി.യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി, എ.എ. അസീസ്, വി.എസ്. ശിവകുമാര്‍, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.