‘സ്വര്‍ണം കട്ടവന്‍ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’; വൈറല്‍ പാട്ടു പാടി പി സി വിഷ്ണുനാഥ്

Jaihind News Bureau
Sunday, December 14, 2025

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. തിരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ദേയമായ ‘പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറ്റിയേ’ എന്ന പാരഡി ഗാനം ആലപിച്ചാണ് പി സി വിഷ്ണുനാഥ് സര്‍ക്കരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം സര്‍ക്കാരിന്റെ അഹങ്കാരത്തിനും അഴിമതിക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രപരമായ വിജയവും അദ്ദേഹം എടുത്തുപറഞ്ഞു.

‘വിജയം ടീം യു.ഡി.എഫിന്റേത്’ എന്ന് പറഞ്ഞ അദ്ദേഹം, ‘സര്‍ക്കാരിന്റെ പരാജയം ജനങ്ങളിലേക്കെത്തിക്കാനായി’ എന്നതാണ് തങ്ങളുടെ വിജയമെന്നും കൂട്ടിച്ചേര്‍ത്തു. എം.എം. മണിയുടെ പെന്‍ഷന്‍ പരാമര്‍ശവും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്നും വിഷ്ണുനാഥ് വിലയിരുത്തി.

പ്രതിപക്ഷത്തിന്റെ ‘ഓര്‍ഗാനിക്’ പ്രചാരണം വിജയിച്ചപ്പോള്‍, സര്‍ക്കാര്‍ കോടികള്‍ മുടക്കിയ പി.ആര്‍. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും വിഷ്ണുനാഥ് വിമര്‍ശിച്ചു. ‘ഞങ്ങള്‍ ജനങ്ങളിലേക്ക് പറയാന്‍ ഉദ്ദേശിച്ച കാമ്പ് ഒരു ചിലവുമില്ലാതെ നടന്നു,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ മറുവശത്ത് സര്‍ക്കാര്‍ പി.ആര്‍. ഏജന്‍സികളെ കൊണ്ട് കോണ്‍ക്ലേവ്, വീഡിയോ, പത്ര പരസ്യം, ടി.വി. പരസ്യം കൂടാതെ ഉറുദു പത്രത്തില്‍ വരെ പരസ്യം കൊടുത്തുവെന്നും പി സി വിഷ്ണുനാഥ് വിമര്‍ശിച്ചു.