
ഹൈദരാബാദ്: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’-ന്റെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മെസ്സിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിക്ക് പ്രിയതാരത്തെ നേരില്‍ കാണ്ടത്.
‘Viva Football With the GOAT @leomessi’ എന്ന കുറിപ്പോടെ മെസ്സിക്കൊപ്പമുള്ള വീഡിയോ റീല്‍ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചു. മെസ്സിക്കും അദ്ദേഹത്തിന്റെ ഇന്റര്‍ മിയാമി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ‘The beautiful game’ എന്ന തലക്കെട്ടോടെ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. മെസ്സിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ എത്തിയത്.
ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഗോട്ട് ഇന്ത്യ ടൂറിന്റെ ആദ്യഘട്ടം ആരാധകരുടെ തിക്കും തിരക്കും കാരണം അവതാളത്തിലായിരുന്നു. എന്നാല്‍, ഹൈദരാബാദിലെ രണ്ടാംഘട്ടം സമാധാനപരവും ആവേശകരവുമായി അവസാനിച്ചു.
കൊല്‍ക്കത്തയിലെ സംഭവങ്ങള്‍ക്ക് ശേഷം ശനിയാഴ്ച വൈകുന്നേരമാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ഹൈദരാബാദിലെത്തിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയെ താജ് ഫലക്നുമ പാലസില്‍ സ്വീകരിച്ചു. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ മെസ്സി തന്റെ പ്രകടനങ്ങളിലൂടെ കയ്യിലെടുത്തു. ലോകകപ്പ് ജേതാവായ മെസ്സിയെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്.
‘നിങ്ങള്‍ എല്ലാവരും കാണിക്കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും ഇടയില്‍ ഹൈദരാബാദില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്,’ മെസ്സി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഫുട്‌ബോള്‍ വേഷമണിഞ്ഞ് മെസ്സിക്കൊപ്പം ചേര്‍ന്നു. മെസ്സിയും ഇന്റര്‍ മിയാമി ടീമംഗങ്ങളായ സുവാരസ്, ഡി പോള്‍ എന്നിവരും ചേര്‍ന്ന് ഗോട്ട് കപ്പ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പങ്കെടുത്തു. കൂടാതെ, കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ച ശേഷമാണ് താരങ്ങള്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.