വിറളി പൂണ്ട് സിപിഎം; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യാപക അക്രമം; വടകരയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്

Jaihind News Bureau
Sunday, December 14, 2025

വടകര ഏറാമല പഞ്ചായത്തില്‍ ഇന്ദിരാഭവന് നേരെ ബോംബേറ്. ആക്രമണത്തില്‍ കെട്ടിടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. സംഭവത്തില്‍ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു.

ഏറാമല പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ 30-ല്‍ അധികം വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.

അതിനിടെ, കാസര്‍ഗോഡ് ബേഡകത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. ആക്രമണത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ കേരളത്തിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.