
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് നേടിയ മികച്ച വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടും പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്തിയും യുഡിഎഫ് നടത്തിയ മുന്നേറ്റം വരാനിരിക്കുന്ന വലിയ തെരഞ്ഞെടുപ്പുകള്‍ക്കുള്ള സൂചനയായാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനവികാരവും മാത്രമല്ല, യുഡിഎഫിന്റെ കൃത്യമായ ആസൂത്രണവും ഈ വിജയത്തിന് പിന്നിലുണ്ട്.
യുഡിഎഫിന്റെ വിജയത്തിലെ ഏറ്റവും നിര്‍ണ്ണായക ഘടകം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള ജനരോഷം തന്നെയാണ് . സാമ്പത്തിക ധൂര്‍ത്തും , ക്ഷേമ പെന്‍ഷനുകളുടെ മുടക്കവും, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ജനക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കിയില്ല. തൊട്ടതെല്ലാം പിഴത്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. ‘ജനവിരുദ്ധ നയങ്ങള്‍’ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച എല്ലാ തീരുമാനങ്ങളും വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായും കാണാം
ശബരിമല സ്വര്‍ണ്ണക്കൊള്ള എല്‍ഡിഎഫിനെ നിലംപരിശാക്കി . സിപിഎം നേരിട്ട് ഇടപെട്ട കൊളളയും വിശ്വാസി സമൂഹത്തിനിന്റെ രോഷവും വോട്ടിംഗില്‍ പ്രതിഫലിച്ചു.ഇടതിന്റെ പരമ്പരാഗത വോട്ടര്‍മാരെ പോലും മാറിച്ചിന്തിക്കാന്‍ ഇത് പ്രേരിപ്പിച്ചു. അഴിമതിക്കെതിരായ ജനങ്ങളുടെ വികാരം വോട്ടായി മാറുന്ന കാഴ്ചയാണ് പല വാര്‍ഡുകളിലും കണ്ടത്. അതുപോലെ തെരഞ്ഞടുപ്പിനായി കരുതി വച്ച് ഇടതിന്റെ ആയുധങ്ങളുടെ എല്ലാം മുനയൊടിച്ച ഫലമാണ് ഉണ്ടായത്. പാലക്കാട് എംഎല് എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങളെയും കേസുകളെയും രാഷ്ട്രീയ പ്രേരിതമായാണ് ജനങ്ങള്‍ കണ്ടത്.ഇക്കാര്യത്തില്‍ ജനം യുഡിഎഫ് നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തന്നെയാണ് സംഘടനാപരമായി കോണ്‍ഗ്രസിന്റെ ഹൈലൈറ്റ്. വളരെ മുമ്പേയുള്ള ആസൂത്രണവും അതിന്റെ നടപ്പാക്കലും മികച്ച ഫലത്തിലേയ്ക്കുനയിച്ചു. ഒന്നിച്ചു നിന്നാല്‍ യുഡിഎഫ് സംസ്ഥാനമാണ് കേരളമെന്ന് ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും തെളിഞ്ഞു. ഘടകകക്ഷികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച്, വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കുറച്ച് സീറ്റ് വിഭജനത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു.സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിക്കാനും ചിട്ടയായ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആസൂത്രണം ചെയ്യാനും യുഡിഎഫിന് സാധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലും പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ലഭിച്ച രാഷ്ട്രീയ മേല്‍ക്കൈ തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് സംസ്ഥാനത്ത് അനുകൂലമായ ഒരു രാഷ്ട്രീയ കാറ്റ് നിലനില്‍ക്കുന്നുണ്ട് എന്നത് ഈ ഫലങ്ങള്‍ അടിവരയിടുന്നു.