തൊഴിലുറപ്പ് പദ്ധതി ഇനി ‘പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന’; പേര് മാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിയുടെ അംഗീകാരം

Jaihind News Bureau
Saturday, December 13, 2025

ഡല്‍ഹി: ഗ്രാമീണ മേഖലയിലെ നിര്‍ണായക പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയുടെ പുതിയ പേര് ‘പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന’ എന്നായിരിക്കും.

പേര് മാറ്റുന്നതിനൊപ്പം പദ്ധതിയില്‍ സുപ്രധാനമായ മറ്റൊരു മാറ്റം കൂടി പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു കുടുംബത്തിന് ഉറപ്പുനല്‍കുന്ന 100 തൊഴില്‍ ദിനങ്ങള്‍ 125 ദിവസമാക്കി വര്‍ധിപ്പിക്കും. തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

നിലവില്‍ ഇംഗ്ലീഷ് ചുരുക്കപ്പേരായ MGNREGA (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട്) എന്നറിയപ്പെടുന്ന പദ്ധതിയുടെ പേരാണ് ഹിന്ദിയിലേക്ക് മാറ്റുന്നത്. പദ്ധതിയുടെ പേര് മാറ്റുന്നതിനുള്ള ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. യുപിഎ സര്‍ക്കാര്‍ 2005-ല്‍ ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ ഗ്രാമീണ ജനതയുടെ ഉപജീവന മാര്‍ഗ്ഗം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.