
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസ്സി ഇന്ത്യയില്‍ എത്തി. ഗോട്ട് ഇന്ത്യ’ ടൂറിനായി ശനിയാഴ്ച പുലര്‍ച്ചെ 1:30-ഓടെ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. യുഎന്‍ ശിശു സംഘടനയായ യൂണിസെഫിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് മെസ്സി മൂന്ന് ദിവസത്തെ ഈ പര്യടനത്തിനായി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് മെസ്സി താമസസ്ഥലത്തേക്ക് പോയി. ഡിസംബര്‍ 15 വരെ നീളുന്ന മൂന്ന് ദിവസത്തെ പര്യടനത്തില്‍ നാല് പ്രധാന നഗരങ്ങളാണ് താരം സന്ദര്‍ശിക്കുക.
രാവിലെ 9.30 ന് ആരാധകരെ കാണുന്ന മെസി കൊല്‍ക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തില്‍ സ്ഥാപിച്ച തന്റെ 70 അടി ഉയരമുള്ള പ്രതിമ 11:30-ഓടെ വെര്‍ച്വലായി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബോളിവുഡ് താരം ഷാറൂഖ് ഖാന്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12:30-ന് സൗഹൃദമത്സരം കളിച്ച ശേഷം 2 മണിക്ക് ഹൈദരാബാദിലേക്ക് തിരിക്കും. അവിടെ ഹൈദരാബാദ് സ്റ്റേഡിയത്തില്‍ മറ്റൊരു സൗഹൃദ ഫുട്ബോള്‍ മത്സരത്തിലും സംഗീത പരിപാടിയിലും മെസ്സി പങ്കെടുക്കും.
ഡിസംബര്‍ 14-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദമത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയുമായി മെസ്സി നേര്‍ക്കുനേര്‍ വരും. ഈ വേളയില്‍ സച്ചിന് ടെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. പര്യടനം അവസാനിക്കുന്ന ഡിസംബര്‍ 15-ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മെസ്സി, ഉച്ചയ്ക്ക് 1:30-ന് നടക്കുന്ന ആദരിക്കല്‍ ചടങ്ങിലും പങ്കെടുക്കും.
മെസ്സിക്കൊപ്പം മുന്‍ ബാഴ്സലോണ താരവും നിലവില്‍ ഇന്റര്‍ മയാമി സഹതാരമായ ഉറുഗ്വേയുടെ ഇതിഹാസം ലൂയിസ് സുവാരസും ഈ ടൂറില്‍ ചേരും. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോളും മുംബൈയിലെ പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ജേതാവായ മെസ്സിയെ നേരില്‍ കാണാന്‍ രാജ്യത്തെങ്ങും വലിയ ആവേശമാണ്. ഹൈദരാബാദില്‍ 2250 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍ 4366, മുംബൈയില്‍ 7080, ഡല്‍ഹിയില്‍ 7670 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍.
മെസ്സി ഇതിന് മുമ്പ് 2011-ലാണ് ഇന്ത്യയില്‍ എത്തിയത്. അന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മില്‍ നടന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.