
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ സ്വന്തം ജില്ലയിലും നിയോജക മണ്ഡലത്തിലും യു.ഡി.എഫ് – കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും പ്രവര്‍ത്തകരെയും ആക്രമിച്ച സി.പി.എം ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റു ചെയ്യാന്‍ പൊലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നടപടിക്ക് പൊലീസ് തയാറായില്ലെങ്കില്‍ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷീനയെയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകര്‍ത്തിട്ടും സി.പി.എം ക്രിമിനല്‍ സംഘാംഗങ്ങളെ പോലെ പൊലീസ് നോക്കി നിന്നു. വോട്ടെടുപ്പ് ദിനത്തില്‍ സാദിഖ് എന്ന പ്രവര്‍ത്തകനെയും സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പൊലീസ് നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സി.പി.എം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്. സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിര് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവുമെന്ന് അദ്ദേഹം ചോദിച്ചു.
നാടിനെ കൊള്ളയടിച്ചും അഴിമതി നടത്തിയും ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റിയും നിങ്ങള്‍ കെട്ടിപ്പൊക്കിയ അധികാര കൊട്ടാരത്തിന്റെ അടിവേര് ജനങ്ങള്‍ അറുത്ത് തുടങ്ങിയിട്ടുണ്ട്. അത് നാളെ വരുന്ന ജനവിധിയിലും പ്രതിഫലിക്കും. പരാജയഭീതിയില്‍ പ്രകോപിതരായിട്ട് കാര്യമില്ലെന്നാണ് ക്രിമിനല്‍ സംഘങ്ങളോട് പറയാനുള്ളത്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.