കോടതി നടപടികള്‍ വളച്ചൊടിക്കരുത്; അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ജഡ്ജി ഹണി എം. വര്‍ഗീസ്

Jaihind News Bureau
Friday, December 12, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയെ മോശമായി ചിത്രീകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.

നടന്‍ ദിലീപിനെ എട്ടാം പ്രതിസ്ഥാനത്തുനിന്ന് കുറ്റവിമുക്തനാക്കുകയും പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്ത കേസില്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജി ഈ മുന്നറിയിപ്പ് നല്‍കിയത്. കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളില്‍ തനിക്ക് പ്രശ്നമില്ല. എന്നാല്‍, കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അനുവദിക്കില്ല. കൂടാതെ, കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുണ്‍ സക്‌സേന vs യൂണിയന്‍ ഓഫ് ഇന്ത്യ’ കേസില്‍ സുപ്രീം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി എടുത്തുപറഞ്ഞു. എന്നാല്‍, പലപ്പോഴും കേസിലെ റിപ്പോര്‍ട്ടിംഗില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.