
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനിടയിലും, പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 പോര്‍വിമാനങ്ങള്‍ നവീകരിക്കുന്നതിനായി 686 മില്ല്യണ്‍ ഡോളറിന്റെ വന്‍ സൈനിക സഹായത്തിന് അമേരിക്ക അനുമതി നല്‍കി. അമേരിക്കന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോപ്പറേഷന്‍ ഏജന്‍സിയെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ട് ഇന്ത്യയുടെ സുരക്ഷാ മേഖലയില്‍ ആശങ്കകള്‍ ഉയര്‍ത്തുകയാണ്.
ഇന്ത്യയ്ക്ക് 93 മില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാടിന് അനുമതി നല്‍കി ഏതാനും ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് പാകിസ്ഥാന് വേണ്ടി ഇതിന്റെ ഏഴിരട്ടിയിലധികം മൂല്യമുള്ള പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം പാക്കിസ്ഥാനോട് പുലര്‍ത്തുന്ന സൗഹൃദ നിലപാടിന്റെ ഉദാഹരണമായി ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നു.
പുതിയ പാക്കേജില്‍ എഫ്-16 വിമാനങ്ങള്‍ക്കാവശ്യമായ ലിങ്ക്-16 സിസ്റ്റങ്ങള്‍, എന്‍ക്രിപ്ഷന്‍ ഉപകരണങ്ങള്‍, അവിയോണിക്‌സ് അപ്ഗ്രേഡുകള്‍, പൈലറ്റുമാര്‍ക്കുള്ള പരിശീലനം, പൂര്‍ണ്ണമായ ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. ഈ നവീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പാക് വ്യോമസേനയ്ക്ക് അവരുടെ എഫ്-16 പോര്‍വിമാനങ്ങളുടെ സേവനകാലം 2040 വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. കൂടാതെ, യുഎസ് എയര്‍ഫോഴ്സുമായി നടത്തുന്ന സംയുക്ത പരിശീലനങ്ങളില്‍ തത്സമയ ആശയവിനിമയത്തിനും ഏകോപനത്തിനും ഈ അപ്ഗ്രേഡ് നിര്‍ണ്ണായകമാകും.
ഇന്ത്യയ്ക്ക് അടുത്തിടെ അനുവദിച്ച 93 മില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ പാക്കേജില്‍ ജാവലിന്‍ ആന്റിടാങ്ക് മിസൈല്‍ സിസ്റ്റം, എം982എ1 എക്‌സ്‌കാലിബര്‍ ടാക്റ്റിക്കല്‍ റൗണ്ടുകള്‍ എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പാക്കിസ്ഥാന് നല്‍കുന്ന ഈ വന്‍ സാമ്പത്തിക സഹായം മേഖലയിലെ സൈനികാസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കും.
പുതിയ ധാരണ യാഥാര്‍ഥ്യമാകുന്നതോടെ പാക്കിസ്ഥാന്റെ എഫ്-16 ഫ്‌ലീറ്റ് കൂടുതല്‍ ശേഷി കൈവരിക്കുകയും, അതിന് അനുബന്ധമായി ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.