ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്ക് രമേശ് ചെന്നിത്തല ഇന്ന് മൊഴി നല്‍കും

Jaihind News Bureau
Friday, December 12, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ മൊഴി എസ്ഐടി ഇന്നു രേഖപ്പെടുത്തം. ഇന്ന് 3 മണിക്ക് ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കുക. ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂല്യം അതിനുണ്ടെന്നും വിവരം ലഭിച്ചതായി ചെന്നിത്തിലവെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം കൈമാറാന്‍ തയാറാണെന്ന് രമേശ് ചെന്നിത്തല കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

തനിക്കു പരിചയമുള്ള, ഇന്ത്യയ്ക്കു വെളിയില്‍ വ്യവസായം നടത്തുന്ന ആളാണ് ഇത്തരത്തില്‍ വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് ഇത്തരത്തില്‍ നല്‍കിയ വിവരങ്ങള്‍ വിശ്വാസ്യതയുള്ളതായിരുന്നു. ആ സാഹചര്യത്തിലാണ് അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ എസ്ഐടിക്കു കൈമാറാന്‍ തീരുമാനിച്ചത്. വിവരം നല്‍കിയ ആളെ ചോദ്യം ചെയ്ത് കാര്യങ്ങള്‍ അവര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ. ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണത്തിനു രാജ്യാന്തര മാര്‍ക്കറ്റില്‍ 500 കോടി മുതല്‍ ആയിരം കോടി വരെ മൂല്യമുണ്ടെന്നാണ് പറയുന്നത്. അത്തരത്തില്‍ ഒരു വിവരം കിട്ടുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തിന് സ്വയം കാര്യങ്ങള്‍ പറയാന്‍ ഭയമുണ്ട്. ഭയപ്പെടേണ്ട എന്നു പറഞ്ഞത് ബോധ്യപ്പെടുത്തിപ്പോള്‍ അദ്ദേഹം വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധമായിട്ടുണ്ട്. ഇത്രയും നാള്‍ അന്വേഷിച്ചിട്ടും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് ലഭിച്ച വിവരം എസ്ഐടിയെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പുരാവസ്തു കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കത്തു നല്‍കിയിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. കാണാപ്പുറത്തുള്ള രാജ്യാന്തര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.