
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 74 ശതമാനത്തോളമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇത് 2.10 കോടിയോളം വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കി. അന്തിമ പോളിങ് ശതമാനം ഇന്ന് പുറത്തുവരും. അതേ സമയം 2020 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനം കുറഞ്ഞത് എന്തിന്റെ സൂചനയാണെന്നത് കണ്ടറിയേണ്ടി വരും.
സംസ്ഥാനത്തുടനീളം 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നാളെ രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. ആദ്യം ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം അറിയാനാകും. ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ പഞ്ചായത്തുകളിലേത് ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ ഫലം ലഭ്യമാകും.
വിവാദ വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും ഒരുപോലെ ചര്‍ച്ചയായ ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ഈ തിരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും, ആരോപണങ്ങളും വോട്ടായി മാറുമെന്നതും തീര്‍ച്ച.