ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Jaihind News Bureau
Friday, December 12, 2025

A padmakumar

കൊല്ലം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലെ ജാമ്യ ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പ്രസ്താവിക്കുന്നത്.

കട്ടിളപാളി കേസില്‍ ജാമ്യം ലഭിച്ചാലും പിന്നീട് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ കേസിലും റിമാന്‍ഡിലായതിനാല്‍ പത്മകുമാറിന് തല്‍ക്കാലം പുറത്തിറങ്ങാന്‍ കഴിയില്ല. ദ്വാരപാലക കേസില്‍ എസ്.ഐ.ടി. അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണ കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാര്‍ പ്രധാനമായും വാദിക്കുന്നത്. മിനുട്സില്‍ വസ്തു ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയായിരുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ ശക്തമായ എതിര്‍പ്പാണ് ജാമ്യ ഹര്‍ജിയിലൂടെ പത്മകുമാര്‍ കോടതിയില്‍ ഉന്നയിച്ചത്.