
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിക്കും. എന്നാല്‍ പ്രതികള്‍ ഏഴര വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി. അജയകുമാര്‍, പ്രതികളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം സമൂഹത്തിന് ഭീഷണിയായ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുക. ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും രണ്ടാം പ്രതി മാര്ട്ടിനടക്കമുള്ളവര് ആറര വര്‍ഷവും റിമാന്‍ഡ് തടവുകാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവ് കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്നാകും പ്രതിഭാഗം വാദിക്കുക.
പള്‍സര്‍ സുനി ഒഴികെയുള്ള പ്രതികള്‍, നടിയെ ബലാല്‍സംഗം ചെയ്തതില്‍ തങ്ങള്‍ക്ക് നേരിട്ട് പങ്കില്ലെന്നും, അതിന് പിന്തുണ നല്കിയ കുറ്റം മാത്രമാണ് പ്രോസിക്യൂഷന് ബലാല്‍സംഗക്കുറ്റമായി വ്യാഖ്യാനിച്ചതെന്നുമാണ് കോടതിയില്‍ വാദിക്കുക. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും. വാദം കേട്ട ശേഷം ശിക്ഷ പ്രഖ്യാപിക്കാതെ അടുത്ത ദിവസത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍, കേസില്‍ നടന് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ വിശദമായ വിധി പകര്‍പ്പും ഇന്ന് തന്നെ പുറത്തുവന്നേക്കും.