വടക്കന്‍ കേരളം വിധിയെഴുതുന്നു: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Jaihind News Bureau
Thursday, December 11, 2025

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളായ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, ഇന്നത്തെ പോളിംഗോടുകൂടി സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഡിസംബര്‍ 13-നാണ് ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക.

ഈ രണ്ടാം ഘട്ടത്തില്‍, 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഈ ഘട്ടത്തില്‍, 1.53 കോടിയിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 80.90 ലക്ഷം സ്ത്രീ വോട്ടര്‍മാരും 72.46 ലക്ഷം പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏഴ് ജില്ലകളിലായി 18,274 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസക്കാലം നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശമായത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക വികസനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളും കോട്ടങ്ങളുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ, രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 7 ജില്ലകളില്‍ ഇന്ന് (ഡിസംബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടക്കമാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.