
ശബരിമലയിലെ മോഷണക്കേസില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. അന്താരാഷ്ട്ര വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂറിന്റെ മാതൃകയിലാണ് മോഷണത്തിന് പിന്നിലുള്ളവര്‍ പ്രവര്‍ത്തിച്ചതെന്നും, കാക്കേണ്ടവര്‍ തന്നെ കക്കുന്നവരായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ജയിലിലായ സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ഒരു നടപടിയും എടുത്തിട്ടില്ല. കൂടാതെ, ജയിലില്‍ കഴിയുന്ന സഖാക്കള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും, അവരെ തൊട്ടാല്‍ കാര്യങ്ങള്‍ വിളിച്ചുപറയുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ കേസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും, കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചില്ലായിരുന്നെങ്കില്‍ സിപിഎം നേതാക്കള്‍ പിടിയിലാകില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നാണ് വിവരം ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട കോടികളുടെ മൂല്യമുള്ള വസ്തുക്കള്‍ കണ്ടെത്തി തിരികെ നല്‍കേണ്ടത് വിശ്വാസികളുടെ ആവശ്യമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ തനിക്ക് ലഭിച്ച പരാതി വ്യക്തമായ നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ തയ്യാറാക്കിയതാണെന്നും, കൃത്യമായ ആസൂത്രണം അതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് സണ്ണി ജോസഫ് അറിയിച്ചു. വോട്ടര്‍ പട്ടിക ക്രമീകരിക്കുന്നതില്‍ വന്ന അപാകതകള്‍ പോളിങ്ങിനെ ബാധിച്ചു. ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പോലും വെവ്വേറെ വാര്‍ഡുകളിലാണ് വോട്ട്. കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കാന്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. കണ്ണൂരില്‍ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയമാണുള്ളത്. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂര്‍വകമായി നടത്താന്‍ അദ്ദേഹം ഇടപെടണം എന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.