വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കൃത്രിമത്വം; വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന് പരാതി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

Jaihind News Bureau
Wednesday, December 10, 2025

മലപ്പുറം : മലപ്പുറം പുളിക്കലില്‍ വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതിയില്‍ സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകന്റെ മകളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജനനതീയതി മാറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. പരാതിയനുസരിച്ച്, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതിയായ 19-02-2007 മാറ്റി 19-02-2006 ആക്കിയാണ് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന് പറയുന്നു.

ഇതിലൂടെ വോട്ട് ചെയ്യാനുള്ള യോഗ്യത കൃത്രിമമായി ഉറപ്പാക്കിയതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഒന്നാം പ്രതിയായും, പിതാവിനെ രണ്ടാം പ്രതിയായും, പുളിക്കല്‍ 16-ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.ഒ. നൗഫലിനെ മൂന്നാം പ്രതിയായും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ കൊണ്ടോട്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന ആരോപണം പ്രദേശത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.