
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറുന്ന ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രാജ്യം കാണുന്നത് ഇതാദ്യമായിട്ടല്ല. അതിന്റെ മറ്റൊരു പതിപ്പാണ് കഴിഞ്ഞ ദിവസം കണ്ടത്. വോട്ട് ചോരി, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ, എന്തിനേറെ മറുചോദ്യം ഉന്നയിക്കാനോ കഴിഞ്ഞിട്ടില്ല. അതായത് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ശെരിവെക്കുകയാണ്.
തെരഞ്ഞെടുപ്പ് ക്രമക്കേട് രാജ്യം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹ നടപടിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൗനം പാലിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നിയമങ്ങളെ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും രാഹുല്‍ വിമര്‍ശിച്ചു. എങ്ങനെയാണ് ബ്രസീലിയന്‍ മോഡലിന്റെ പേര് വോട്ടര്‍ പട്ടികയില്‍ വന്നതെന്നും മറ്റൊരു വനിതയുടെ പേര് 200 പ്രാവശ്യം വന്നത് എങ്ങനെയാണെന്നും ചോദിച്ച രാഹുല്‍ ഹരിയാന തെരഞ്ഞടുപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന് തറപ്പിച്ചുപറഞ്ഞു. താന്‍ നിരന്തരം ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തനിക്ക് മറുപടി നല്‍കുന്നില്ല എന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പ്രക്രിയയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയതിലും രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
എന്തുകൊണ്ടാണ് പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റിയത് എന്ന് ചോദിച്ച രാഹുല്‍ നമുക്ക് അദ്ദേഹത്തില്‍ വിശ്വാസമില്ലേ എന്നും ചോദിച്ചു. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന് മുന്നില്‍ തെളിവുകള്‍ സഹിതം നിരത്തിയത്.
എച്ച് ഫയല്‍സ് എന്ന പേരിലായിരുന്നു അന്ന് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ ഒരു പ്രതികരണവും നടത്താതെ ഒളിച്ചുകളി തുടരുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയാണ് രാജ്യം കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധിക്കാന്‍ അന്ന് രംഗത്ത് വന്നത് ചില ബിജെപി നേതാക്കളായിരുന്നു. അപ്പോഴും രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗൗരവമായ ആരോപണങ്ങള്‍ അവിടെ നിലനില്‍ക്കുകയാണ്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തത്. എന്നാല്‍ പഴയപടി തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും