വോട്ട് കിട്ടാന്‍ പുതിയ തന്ത്രവുമായി സിപിഎമ്മും ബിജെപിയും; മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നീക്കമെന്ന് പരാതി

Jaihind News Bureau
Wednesday, December 10, 2025

വയനാട് : തിരുനെല്ലി പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ അര്‍ധരാത്രിയില്‍ വയനാട്, ഉന്നതിയിലെത്തി എന്നതാണ് യുഡിഎഫിന്റെ ആരോപണം. ഏഴു മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിട്ടുള്ള സ്ഥലത്ത് സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ എന്തിന് എത്തിയതെന്ന് യുഡിഎഫ് ചോദിക്കുന്നു. രാത്രിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ പിന്നീട് വിട്ടയച്ചതായും ആരോപണമുണ്ട്.

അതേസമയം, വയനാട്ടിലെ പൂതാടി പഞ്ചായത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി മദ്യം വിതരണം ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നെയ്ക്കുപ്പ ഒന്നാം വാര്‍ഡില്‍ പാര്‍ട്ടി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നാണ് മദ്യം വിതരണം ചെയ്തതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. വോട്ട് കിട്ടാന്‍ ബിജെപിയും സിപിഎമ്മും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.