
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.’-സുനില്‍ കുമാര്‍ കുട്ടിച്ചേര്‍ത്തു. നേരത്തെ, തൃശൂര്‍ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം ഉയരുന്നത്.