വോട്ടിങ് ദിനത്തില്‍ പ്രീ-പോള്‍ സര്‍വേ ഫലം പങ്കുവെച്ചു; ചട്ടവിരുദ്ധ നടപടിയുമായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ

Jaihind News Bureau
Tuesday, December 9, 2025

 


തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ദിനത്തില്‍ പ്രീ-പോള്‍ സര്‍വേ ഫലം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രീ-പോള്‍ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ചട്ടലംഘനമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും, എല്‍.ഡി.എഫ്. പിന്നോട്ട് പോകുമെന്നുമുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ആര്‍. ശ്രീലേഖ പങ്കുവെച്ചത്. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ശ്രീലേഖക്കെതിരെ നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം തന്റെ മുന്‍ ഔദ്യോഗിക പദവിയായ ‘ഐ.പി.എസ്.’ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.