അഹങ്കാരത്തിനും രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ മറുപടി നല്‍കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Jaihind News Bureau
Tuesday, December 9, 2025

യു.ഡി.എഫിന് അനുകൂലമായ ജനഹിതമായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഭരണത്തിന്റെ അഹങ്കാരത്തിനും രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും. ഭരണവിരുദ്ധ വികാരം ശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും, പിന്‍വാതില്‍ നിയമനം, ശബരിമല വിഷയം തുടങ്ങിയ കാര്യങ്ങളെല്ലാം ജനമനസ്സിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കും. അവര്‍ യു.ഡി.എഫിനൊപ്പമാണ്. ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയില്‍ യു.ഡി.എഫ്. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചു. കോട്ടയം ഗവണ്‍മെന്റ് മോഡല്‍ എല്‍.പി. സ്‌കൂളില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.