
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വെട്ടത്ത് ഹസീന ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ഹസീന, പായിമ്പാടം അങ്കണവാടി അധ്യാപിക കൂടിയാണ്. കഴിഞ്ഞ ദിവസം രാത്രി വൈകിയും വോട്ട് ചോദിച്ചുള്ള വീടുകള്‍ കയറിയുള്ള പ്രചാരണത്തിലും കുടുംബയോഗങ്ങളിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു.
രാത്രി 11.15 ഓടെ വീട്ടിലെത്തിയതിന് പിന്നാലെ ഹസീനക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് ഖബറടക്കി.