
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളാണ് കുറ്റക്കാരെന്ന തെളിഞ്ഞത്. കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും.
ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കി നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചു എന്ന ഗൂഢാലോചന കേസില്‍ നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന പ്രോസിക്യൂഷന് വാദം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നടന് ദിലീപ്, ഏഴാം പ്രതി ചാര്‍ലി തോമസ് , ഒന്‍പതാം പ്രതി സുനില്‍ കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
നടിയെ വാഹനത്തില്‍ കൂട്ടബലാത്സംഗം ചെയ്തതായി തെളിഞ്ഞ കേസില്‍ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി അടക്കം ആറ് പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള പ്രധാന കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഒന്നാം പ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ ജാമ്യം റദ്ദാക്കുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കോടതി വിധി അനുകൂലമായതോടെ പുറത്തിറങ്ങിയ ദിലീപ് ആദ്യം പോയത് തന്റെ അഭിഭാഷകനായ ബി. രാമന് പിള്ളയെ കാണാനായിരുന്നു. കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രാമന് പിള്ളയെ ദിലീപ് സന്ദര്‍ശിച്ചു. ഈ കേസിനെക്കുറിച്ച് പ്രതികരിച്ച മുതിര്‍ന്ന അഭിഭാഷകന് ബി. രാമന് പിള്ള, ഇത്തരത്തില്‍ ഒരു തെളിവുമില്ലാത്ത കേസ് താന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് തികഞ്ഞ കള്ളക്കേസ് കെട്ടിച്ചമച്ചെന്നും അദ്ദേഹം ആരോപിച്ചു.