ഇന്‍ഡിഗോ വ്യോമയാന പ്രതിസന്ധിക്ക് അയവ്; യാത്രക്കാര്‍ക്ക് 827 കോടി രൂപ റീഫണ്ട് നല്‍കി

Jaihind News Bureau
Monday, December 8, 2025

ന്യൂഡല്‍ഹി: വിമാനങ്ങളുടെ കുറവും മറ്റ് പ്രവര്‍ത്തന പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി യാത്രക്കാരെ വലച്ച വ്യോമയാന പ്രതിസന്ധിക്ക് അയവ് വരുന്നു. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇതുവരെയായി 827 കോടി രൂപ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ഈ കാലയളവില്‍ ഇന്‍ഡിഗോയ്ക്ക് ഏകദേശം 500 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.

ഇതോടൊപ്പം, പ്രതിസന്ധിയെ തുടര്‍ന്ന് കെട്ടിക്കിടന്ന ബാഗേജുകള്‍ വിതരണം ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ 4,500 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു. ബാക്കിയുള്ള ബാഗേജുകള്‍ 36 മണിക്കൂറിനുള്ളില്‍ കൈമാറുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

പ്രതിദിനം ശരാശരി 2,300 വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന ഇന്‍ഡിഗോ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരികയാണ്. ശനിയാഴ്ച 1,500-ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650-ഓളം വിമാനങ്ങളുടെയും സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് 1,802 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ ഏകദേശം 65% നിയന്ത്രിക്കുന്ന ഇന്‍ഡിഗോ, തങ്ങളുടെ 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണത്തിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു കഴിഞ്ഞു.