
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര കള്ളക്കടത്തുബന്ധം ആരോപിച്ചതോടെ സര്‍ക്കാരും സി.പി.എമ്മും കടുത്ത ആശങ്കയിലും അങ്കലാപ്പിലുമായി. കേസ് സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിധിയിലേക്ക് വഴിമാറുമോ എന്ന ഭയത്തിലാണ് ഭരണകൂടം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഈ അന്താരാഷ്ട്ര ബന്ധം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് കത്ത് നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. തെളിവുകള്‍ ശക്തമാവുകയാണെങ്കില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കേണ്ടി വരും.
കേസിലെ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റി നേരത്തെ മൊഴി നല്‍കിയത് സ്വര്‍ണം വിറ്റത് ബെള്ളാരിയിലെ ഗോവര്ധന് എന്ന സ്വര്ണവ്യാപാരിക്കാണെന്നാണ്. ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്ന് 600 ഗ്രാം സ്വര്‍ണം തൊണ്ടിമുതലായി കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം കാര്യമായി മുന്നോട്ട് പോയിരുന്നില്ല.
എന്നാല്‍, ചെന്നിത്തലയുടെ പുതിയ വെളിപ്പെടുത്തലോടെ ഇനി ചെന്നൈയിലെ മറ്റൊരു പുരാവസ്തു വ്യാപാരിയും രാജ്യാന്തര തലത്തില്‍ ഈ വ്യാപാരം നിയന്ത്രിക്കുന്ന ഗള്‍ഫിലെ വ്യവസായിയും അന്വേഷണ പരിധിയിലേക്കു വരുമെന്നാണ് സൂചന. 1998-ല്‍ യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വര്‍ണം തന്നെയാണോ ബെള്ളാരിയില്‍ നിന്ന് കണ്ടെടുത്തതെന്നതിലും, നിലവില്‍ ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും പൊതിഞ്ഞിട്ടുള്ള സ്വര്‍ണവും പഴയ സ്വര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോയെന്നതിന്റെയും ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. ഇതിന്റെ ഫലം കേസില്‍ ഏറെ നിര്‍ണായകമാകും.
സ്വര്‍ണപ്പാളികള്‍ വിദേശത്തേക്ക് ബെള്ളാരിയില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം ശബരിമലയിലേതല്ലെങ്കില്‍ യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ നഷ്ടമായെന്ന നിഗമനത്തില്‍ പ്രത്യേക അന്വേഷണ സംഘം എത്തും. കേസ് ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നും പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശിയതാണെന്നുമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. യഥാര്‍ത്ഥ പാളികള്‍ വിദേശത്ത് വിലയേറിയ പുരാവസ്തുക്കള്‍ വാങ്ങുന്ന വ്യവസായികളിലേക്ക് എത്തിയെന്ന ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല.
രമേശ് ചെന്നിത്തലയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച അദ്ദേഹത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതോടെ അന്വേഷണം കൂടുതല്‍ വിപുലമാക്കേണ്ടതായി വരും. അന്താരാഷ്ട്ര തലത്തിലേക്കുള്ള അന്വേഷണത്തിന്റെ സാധ്യത ശക്തമായതോടെയാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും വലിയ ആശങ്കയിലായിരിക്കുന്നത്.