മാവേലിക്കര മുന്‍ കൗണ്‍സിലര്‍ വീട്ടില്‍ മരിച്ച നിലയില്‍; മകന്‍ കസ്റ്റഡിയില്‍, കൊലപാതകമെന്ന് പ്രാഥമിക മൊഴി

Jaihind News Bureau
Monday, December 8, 2025

മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറായ കനകമ്മ സോമരാജനെ (65) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ കൃഷ്ണദാസിനെ (35) മാവേലിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ താനാണ് കൊലപ്പെടുത്തിയതെന്ന് കൃഷ്ണദാസ് പോലീസിന് പ്രാഥമിക മൊഴി നല്‍കിയിട്ടുണ്ട്.

ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വീട്ടില്‍ കനകമ്മയും മകന്‍ കൃഷ്ണദാസും മാത്രമാണ് താമസിച്ചിരുന്നത്. രാവിലെ കൃഷ്ണദാസാണ് അമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ട വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി കനകമ്മയും കൃഷ്ണദാസും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടെ കനകമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതായി കൃഷ്ണദാസ് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ അമ്മ മരിച്ചു എന്ന് ഉറപ്പിച്ചതോടെയാണ് കൃഷ്ണദാസ് പോലീസില്‍ വിവരം അറിയിച്ചത്. കൃഷ്ണദാസിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. ഭാര്യയെ തിരികെ വീട്ടില്‍ കൊണ്ടുവരാന്‍ കൃഷ്ണദാസ് ശ്രമിച്ചെങ്കിലും കനകമ്മ അതിന് സമ്മതിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിലവില്‍ മാവേലിക്കര പോലീസിന്റെ കസ്റ്റഡിയിലാണ് കൃഷ്ണദാസ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.