നാണക്കേടിന്റെ കാര്യത്തില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത് നമ്പര്‍ വണ്‍; പഠനം നിലച്ച കുട്ടികള്‍ കൂടുതല്‍ ഗുജറാത്തില്‍

Jaihind News Bureau
Monday, December 8, 2025

ല്‍ഹി: നാണക്കേടിന്റെ പടുകുഴിയിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്താണ് മുന്നില്‍. കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂറാണ് ഈ കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മാത്രവുമല്ല ഈ വിഷയത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്വന്തമാണ്.

ഗുജറാത്തിലെ കൊഴിഞ്ഞുപോക്കില്‍ വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 2024 ല്‍ സംസ്ഥാനത്ത് 54,541 കുട്ടികളായിരുന്നു ഈ കണക്കില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം പഠനം നിര്‍ത്തിയ ആകെ കുട്ടികളുടെ എണ്ണം 340 ശതമാനത്തിലധികം ഉയര്‍ന്ന് 2.40 ലക്ഷമായി. രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65.7 ലക്ഷം കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചതായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍ അറിയിച്ചു. അതില്‍ പകുതിയോളം പേര്‍ കൗമാരക്കാരായ പെണ്‍കുട്ടികളാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് എംപി റെങ്കുവ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയതില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പി തന്നെ ഭരിക്കുന്ന അസം ആണ്. ആകെ 1,50,906 കുട്ടികള്‍ അസമില്‍ പഠനമുപേക്ഷിച്ചു. അതില്‍ 57,409 പേര്‍ പെണ്‍കുട്ടികളാണ്. മൂന്നാംസ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 56,462 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 99,218 കൊഴിഞ്ഞുപോയി. പെണ്‍കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കുടിയേറ്റം, ദാരിദ്ര്യം, ബാലവേല, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍, സാമൂഹിക സമ്മര്‍ദങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പഠനം തുടരുന്നതില്‍ നിന്ന് ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളെ തടയുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.