തദ്ദേശപ്പോര്: ഏഴ് ജില്ലകള്‍ നാളെ വിധിയെഴുതും; ഏകോപനത്തില്‍ യുഡിഎഫ് മുന്നില്‍; സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎം പ്രതിരോധത്തില്‍

Jaihind News Bureau
Monday, December 8, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും വലിയ രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രചാരണത്തിലും ചിട്ടയായ ഏകോപനത്തിലും തുടക്കം മുതല്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

പ്രഗത്ഭരും യുവത്വവും പരിചയസമ്പന്നതയും ചേര്‍ന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് യുഡിഎഫ് ഇക്കുറി കളത്തിലിറക്കിയത്. കൃത്യമായ രാഷ്ട്രീയവും വികസനവും പ്രാദേശിക വിഷയങ്ങളും ഉയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇതിനുപുറമെ, ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയവും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തിയുള്ള പ്രചാരണം യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാക്കിയെന്നാണ് കണക്കുകൂട്ടല്‍.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ചയായതും സിപിഎമ്മിന് കനത്ത തിരിച്ചടിയായതും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയാണ്. വിശ്വാസ സമൂഹത്തിന്റെ മനസ്സില്‍ മായാത്ത മുറിവും വേദനയുമാണ് ഈ വിഷയം സൃഷ്ടിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കിക്കൊണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഒന്നൊന്നായി അഴിക്കുള്ളിലായ സാഹചര്യം ഇടതു രാഷ്ട്രീയത്തിന് കനത്ത പ്രഹരമായി.

മുന്‍ ദേവസ്വം മന്ത്രിമാര്‍ മുതല്‍ നിലവിലെ ദേവസ്വം മന്ത്രി വരെ സംശയനിഴലില്‍ ആയതോടെ, കനത്ത തിരിച്ചടി ഭയന്ന സിപിഎം മറ്റ് വിവാദങ്ങള്‍ ഉയര്‍ത്തി തലയൂരാന്‍ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചതായും വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് കൃത്യമായി സ്ത്രീ പീഡന പരാതികള്‍ ഉയര്‍ത്തുന്ന സിപിഎം തന്ത്രം പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായതും ഇടതുമുന്നണിക്ക് തിരിച്ചടിയായി.

നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ശബരിമല സ്വര്‍ണ്ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവുമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വര്‍ണക്കൊള്ളയില്‍ വിശ്വാസ സമൂഹത്തിനുണ്ടായ ആശങ്കകള്‍ സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. നാളത്തെ പോളിംഗ് യുഡിഎഫിന് ചരിത്രനേട്ടം നേടിക്കൊടുക്കുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.