ഗോവ നിശാ ക്ലബ് തീപിടിത്തം; മരണം 25 ആയി, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Jaihind News Bureau
Sunday, December 7, 2025

 

 

വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍’ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണ്, ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. മൂന്നോ നാലോ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ക്ലബ്ബിന്റെ മാനേജര്‍മാരെ ഉള്‍പ്പെടെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ക്ലബ്ബിന്റെ ഉടമകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എ.എന്‍.ഐയോട് പ്രതികരിച്ചു.

‘ഇതൊരു നിര്‍ഭാഗ്യകരമായ ദിവസമാണ്. ഗോവയുടെ ടൂറിസം ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തീപിടിത്തം ഉണ്ടാകുന്നത്. അരമണിക്കൂറിനുള്ളില്‍ തീ അണയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ചിലര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പൊള്ളലേറ്റു മരിച്ചവരേക്കാള്‍ പുകയില്‍ ശ്വാസം മുട്ടി മരിച്ചവരുടെ എണ്ണമാണ് കൂടുതല്‍’- പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും, ആശുപത്രിയില്‍ കഴിയുന്ന 6 പേര്‍ക്ക് ഗോവ മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ, ഗോവ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനമായി നല്‍കും.