
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകളിലെ വന്‍ യാത്രാ പ്രതിസന്ധിയില്‍ കമ്പനിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചെന്ന് സി.ഇ.ഒ. പീറ്റര്‍ എല്‍ബേഴ്‌സ് വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കുറ്റസമ്മതം നടത്തി. പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ്.ഡി.ടി.എല്‍.) ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സമയക്രമത്തിനനുസരിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതില്‍ ഇന്‍ഡിഗോ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും സി.ഇ.ഒ. വിശദീകരിച്ചു. കുറ്റസമ്മതത്തിന് തൊട്ടുപിന്നാലെയാണ് ഡി.ജി.സി.എ ഇന്‍ഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സി.ഇ.ഒ. പീറ്റര്‍ എല്‍ബേഴ്‌സിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഡി.ജി.സി.എ. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
നിലവില്‍ ഇന്‍ഡിഗോയ്ക്ക് നല്‍കിയിട്ടുള്ള ഇളവുകള്‍ ഫെബ്രുവരി 10 വരെ മാത്രമായിരിക്കും എന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ പ്രതിസന്ധിയില്‍ ഡി.ജി.സി.എ. നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്‍ഡിഗോ സി.ഇ.ഒ. പീറ്റര്‍ എല്‍ബേഴ്‌സ് ഇന്ന് മറുപടി നല്‍കും. വ്യോമയാന നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും, ആസൂത്രണത്തിലും വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും നോട്ടീസില്‍ ഡി.ജി.സി.എ. ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനി മേധാവി തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും യാത്രക്കാര്‍ക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസില്‍ പറയുന്നു.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കര്‍ശന നടപടിയെടുക്കാത്തതിന്റെ പേരില്‍ ഡി.ജി.സി.എ.യും സിവില്‍ വ്യോമയാന മന്ത്രാലയവും വിമര്‍ശനം നേരിടുന്നതിനിടെയാണ് നോട്ടീസ് നല്‍കിയത്. രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കാന്‍ സാധ്യതയുണ്ട്. റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നല്‍കാനുള്ള നടപടികള്‍ ഇന്‍ഡിഗോ വേഗത്തിലാക്കിയിട്ടുണ്ട്. കൂടാതെ, നാളെയോടെ കുടുങ്ങിക്കിടക്കുന്ന ബാഗേജുകള്‍ അതത് സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് നടത്തുമെന്നും, സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇന്നും റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.