കള്ള പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ്

Jaihind News Bureau
Sunday, December 7, 2025

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി കോര്‍പ്പറേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേട്ടങ്ങളായി അവകാശപ്പെട്ടതെല്ലാം യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്ന് എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പ്രവര്‍ത്തനക്ഷമതയില്ലായ്മയും അഴിമതിയും മറച്ചുവെക്കാന്‍ കള്ളപ്രചരണങ്ങളും പി.ആര്‍. ടീമുകളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എറണാകുളം പോലൊരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ കഴിയാത്ത ഒരു കോര്‍പ്പറേഷനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതിന് പിന്നാലെയാണ്, സര്‍ക്കാര്‍ ഏകദേശം 25 കോടി ചെലവഴിച്ച് നടപ്പാക്കിയ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ വന്‍ വിജയമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.

മൂന്നാം റോറോ സര്‍വീസ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ്. വിജയകരമായി നടപ്പാക്കിയ ആദ്യത്തെ റോറോ പദ്ധതിയെപ്പോലും ആനുവല്‍ മെയിന്റനന്‍സിന് പണം നല്‍കാതെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാങ്കേതിക തകരാറുകള്‍ മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് പതിവായതോടെ റോറോ സര്‍വീസ് കാര്യക്ഷമതയില്ലാത്ത ഒന്നായി മാറി.

കൊച്ചി നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതില്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും വീഴ്ച സംഭവിച്ചെന്നും ഷിയാസ് ആരോപിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് റോഡുകള്‍ ഒരുക്കുന്നു എന്നതായിരുന്നു മറ്റൊരു അവകാശം. എന്നാല്‍ എറണാകുളം പട്ടണത്തില്‍ ഗതാഗതത്തിന് എന്ത് പരിഹാരമാണ് ഉണ്ടായത്? തകര്‍ന്നു കിടക്കുന്ന റോഡുകളാണ് ഭൂരിഭാഗവും. ഗതാഗത പ്രശ്‌നം പരിഹരിക്കപ്പെടുകയല്ല, കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായത്. പുതിയ റോഡുകളും മേല്‍പ്പാലങ്ങളും ഉണ്ടാക്കുന്നതിനായി സര്‍ക്കാര്‍ പൈസ ചെലവഴിച്ചിട്ടില്ല. തമ്മനം-പുല്ലേപ്പടി റോഡ്: തമ്മനം-പുല്ലേപ്പടി റോഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

കൊച്ചി മെട്രോയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, മെട്രോ മറ്റ് ഇടങ്ങളിലേക്ക് കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ടും വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ടും കഴിഞ്ഞ പത്ത് വര്‍ഷമായി യാതൊരു നടപടികളും നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കുള്ള മെട്രോയുടെ നിര്‍മ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായ മാലിന്യ സംസ്‌കരണം, ഗതാഗത പ്രശ്‌നം, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളിലൊന്നും പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ പൈസ ചെലവഴിച്ചിട്ടില്ലെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.