ശബരിമല സ്വര്‍ണ്ണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് ബന്ധം അന്വേഷിക്കണം; എഡിജിപിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, December 7, 2025

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി. വെങ്കടേഷിന് കത്ത് നല്‍കി. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഈ പശ്ചാത്തലത്തില്‍ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് 500 കോടി രൂപയുടേതാണ് എന്ന് വിശ്വസനീയമായ വിവരം ലഭിച്ചതായി രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിവരങ്ങളുടെ വിശ്വാസ്യത താന്‍ സ്വതന്ത്രമായി പരിശോധിക്കുകയും യാഥാര്‍ഥ്യമുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ മോഷണം ഒരു സാധാരണ സംഭവമല്ലെന്നും, അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണെന്നും അദ്ദേഹം പറയുന്നു. നിലവില്‍ അറസ്റ്റിലായിട്ടുള്ളവര്‍ കേസിലെ സഹപ്രതികള്‍ മാത്രമാണെന്നും, മുഖ്യ സംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഈ ഓപ്പറേഷനെക്കുറിച്ച് നേരിട്ടുള്ള അറിവുള്ള ഒരു വ്യക്തിയുമായി അന്വേഷണ സംഘത്തെ സഹകരിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ചെന്നിത്തല അറിയിച്ചു. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലെങ്കിലും, പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയില്‍ മൊഴി നല്‍കാനും സന്നദ്ധനാണ്. കൂടാതെ, സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും സംഘടിത റാക്കറ്റുകള്‍ക്കും ഈ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന വിവരവും തനിക്ക് ലഭിച്ചതായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളുമുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും, കേസില്‍ ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു. അമേരിക്കയില്‍ നിന്നുകൊണ്ട് പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല മോഷണ സംഘത്തിന്റെ രീതികള്‍ക്ക് സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം തയ്യാറാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് സാധിക്കുമെന്നും രമേശ് ചെന്നിത്തല ഉറപ്പുനല്‍കി.