കൊല്ലം കുരീപ്പുഴയില്‍ വന്‍ അഗ്‌നിബാധ; ബോട്ടുകള്‍ കത്തി നശിച്ചു

Jaihind News Bureau
Sunday, December 7, 2025

 

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ വന്‍ അഗ്‌നിബാധയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുരീപ്പുഴ പള്ളിക്കും അയ്യന്‍കോവിന്‍ ക്ഷേത്രത്തിനും സമീപം കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ ഏകദേശം രണ്ടരയോടെയാണ് സംഭവം.

ട്രോളിംഗ് ബോട്ടുകള്‍ അല്ലാത്ത ഒമ്പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവുമാണ് അഗ്‌നിക്കിരയായത്. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ആണിവ. കായലില്‍ ഉണ്ടായിരുന്ന ചീനവലകള്‍ക്കും തീപിടിത്തത്തില്‍ നാശനഷ്ടമുണ്ടായി. കത്തിനശിച്ച ബോട്ടുകള്‍ കുളച്ചല്‍, പൂവാര്‍ സ്വദേശികളുടേതാണെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വിവരമറിഞ്ഞ് നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കായലില്‍ കെട്ടിയിട്ടിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ നവംബര്‍ മാസത്തിലും കൊല്ലം അഷ്ടമുടി കായലില്‍ കുരീപ്പുഴ പാലത്തിന് സമീപം ബോട്ടുകള്‍ക്ക് തീപിടിച്ചിരുന്നു. ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്കാണ് അന്ന് തീപിടിച്ചത്. ആ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.