
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവം തിങ്കളാഴ്ച. ദുഷ്കീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നതാണ് കേസ്. കേസില്‍ നടന് ദിലീപ് എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. ദിലീപിനോടൊപ്പം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്.
ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കോടതി വിധി എന്തായിരിക്കും എന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് ബുദ്ധിമുട്ടി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഗൂഢാലോചന തെളിഞ്ഞാല്‍ ദിലീപിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മറ്റ് ചിലര്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്ന പ്രോസിക്യൂഷന് വാദം തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നത് തിങ്കളാഴ്ചത്തെ വിധിയിലൂടെ അറിയാം. കോടതി വിധി എന്താകുമെന്നത് ഒരു നിഗൂഢതയായി തുടരുമ്പോഴും ആകാംക്ഷ വര്‍ധിക്കുകയാണ്. ദിലീപിന്റെ സിനിമാ ജീവിതത്തിനും വ്യക്തിപരമായ ജീവിതത്തിനും തിങ്കളാഴ്ചത്തെ കോടതി വിധി നിര്‍ണായകമാകും.
അതേസമയം, ദിലീപിന്റെ ഗ്രഹനിലയെക്കുറിച്ചുള്ള ഒരു ജ്യോതിഷ പ്രവചനം ഇപ്പോള്‍ വൈറലാവുകയാണ്. ജ്യോതിഷി മോഹന്‍ദാസിന്റെ അഭിപ്രായത്തില്‍, ദിലീപിന് ഇപ്പോള്‍ ‘ശത്രുദോഷം’ ഉള്ള സമയമാണ്. എട്ടാം വീട്ടില്‍ കേതു ഉള്ളത് കാരണം ദിലീപിന് ജയിലില്‍ പോകാനുള്ള യോഗമുണ്ടെങ്കിലും, വിചാരണ സമയത്ത് അദ്ദേഹം ഇതിനകം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി വീണ്ടും ജയിലില്‍ പോകാനുള്ള സാധ്യത കുറവാണെന്നും ജ്യോതിഷി പറയുന്നു. ദിലീപിനോട് ചിലര്‍ ശത്രുത പുലര്‍ത്തുന്നുണ്ടെന്നും അതിന്റെ ഫലമാണ് നിലവിലെ പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.