
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, വിമാന ടിക്കറ്റുകളുടെ അമിത നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്നും, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ മുന്‍ നിശ്ചയിച്ച നിരക്കുകളില്‍ തുടരണം. ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വിമാന ഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ വ്യോമയാന മന്ത്രാലയം ഭാഗികമായ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധിക്ക് പിന്നാലെ ഇന്നും നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താറുമാറായതോടെ രാജ്യത്തെ വിമാന യാത്രാക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. ഇന്നലെ മാത്രം വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ സിഇഒ അറിയിച്ചു. ഈ പ്രതിസന്ധിയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍, ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിമാന സര്‍വീസുകള്‍ താറുമാറായ പശ്ചാത്തലത്തില്‍ യാത്രാപ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഇന്നും നാളെയും ദീര്‍ഘദൂര റൂട്ടുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. നിലവില്‍, ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് റെയില്‍വേ ആലോചിക്കുന്നത്. ദില്ലി ഉള്‍പ്പെടെയുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്ക് 30 പ്രത്യേക സര്‍വീസുകള്‍ നടത്താനും 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ വിന്യസിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേ ചെന്നൈയില്‍ നിന്ന് സെക്കന്തരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും ഇന്ന് തന്നെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.